തൃപ്പൂണിത്തുറ: സംസ്ഥാനത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ കൂട്ടത്തില്‍ ആദ്യത്തെ എ.ടി.എം സ്ഥാപിച്ചു കൊണ്ട് തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള പീപ്പിള്‍സ് അര്‍ബന്‍ സഹകരണ ബാങ്ക് ചരിത്രത്തില്‍ സ്ഥാനം സ്വന്തമാക്കി. 2010 സെപ്റ്റംബര്‍ 25 നു തൃപ്പൂണിത്തുറയില്‍ നടന്ന ചടങ്ങില്‍ റിസര്‍വ് ബാങ്കിന്‍റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസിലെ അസിസ്ടന്റ്റ് ജനറല്‍ മാനേജര്‍ ശ്രീ. പി.എന്‍.നന്ദകുമാര്‍ എ.ടി.എമ്മിന്‍റെ ഉത്ഘാടനം നിര്‍വഹിച്ചു.
ബാങ്ക് ചെയര്‍മാന്‍ ശ്രീ. എം.സി.സുരേന്ദ്രന്‍, ബാങ്ക് ജനറല്‍ മാനേജര്‍ ശ്രീ. ഇ.പി.ശ്രീകുമാര്‍ എന്നിവരെ കൂടാതെ ബാങ്ക് ഡയറക്ടര്‍മാരും നിരവധി ഇടപാടുകാരും ജീവനക്കാരും തദവസരത്തില്‍ സന്നിഹിതരായിരുന്നു. പുതിയ കോര്‍ ബാങ്കിംഗ് സംവിധാനം നിലവില്‍ വന്നതിനെ തുടര്‍ന്ന് പുതുതായി നിലവില്‍ വന്ന എസ്.എം.എസ്.ബാങ്കിങ്ങിന്റെ ഉത്ഘാടനവും ശ്രീ. നന്ദകുമാര്‍ നിര്‍വഹിച്ചു. ഈ സംവിധാനം നിലവില്‍ വന്ന, സംസ്ഥാനത്തെ ആദ്യ അര്‍ബന്‍ ബാങ്കും കൂടെയാണ് പീപ്പിള്‍സ് അര്‍ബന്‍ സഹകരണ ബാങ്ക്. ദേശ സാല്‍കൃത ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ ലഭ്യമായ ഒട്ടുമിക്ക സൌകര്യങ്ങളും പുതുതായി ഉത്ഘാടനം നിര്‍വഹിച്ച എ.ടി.എമ്മില്‍ ലഭ്യമാണ്.
ബാങ്കിന്‍റെ ശാഖാ വികസന പരിപാടിയുടെ ഭാഗമായി ബാങ്കിന്‍റെ പതിനാലാമത് ശാഖ ഏറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്തു ഉടനെ ഉത്ഘാടനം ചെയ്യപ്പെടും. സംസ്ഥാന തല നിക്ഷേപ സമാഹരണത്തില്‍ ഒന്നാം സ്ഥാനത്തിനു അര്‍ഹമായ പീപ്പിള്‍സ് അര്‍ബന്‍ സഹകരണ ബാങ്കിന് ഒക്ടോബര്‍ 30 നു ആലപ്പുഴയില്‍ വെച്ചു നടന്ന ചടങ്ങില്‍ വെച്ച് സഹകരണ വകുപ്പ് മന്ത്രി അവാര്‍ഡ് വിതരണം നടത്തുകയുണ്ടായി. ബാങ്കിന് വേണ്ടി വൈസ് ചെയര്‍മാന്‍ ശ്രീ. പി.പി.അപ്പു അവാര്‍ഡ് ഏറ്റുവാങ്ങി.
സംസ്ഥാന ഗവണ്മെന്റും റിസേര്‍വ് ബാങ്കും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടതിനെ തുടര്‍ന്ന് ശാഖാ വികസനം, എ.ടി.എം സ്ഥാപനം തുടങ്ങിയവയില്‍ റിസേര്‍വ് ബാങ്ക് മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയിരുന്നു. അതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മുഴുവന്‍ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ നിരവധി ശാഖകള്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരംഭിക്കുകയുണ്ടായി.
No comments:
Post a Comment