Friday, May 21, 2010

ഇസ്‌ലാമിക ബാങ്ക് അനുവദിക്കാനാവില്ല - റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

News from Mathrubhumi, 21.05.2010


തിരുവനന്തപുരം: രാജ്യത്ത് നിലവിലുള്ള ബാങ്കിങ് നിയമമനുസരിച്ച് ഇസ്‌ലാമിക ബാങ്ക് അനുവദിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവു പറഞ്ഞു. എന്നാല്‍ ബാങ്കിങ് ഇതര ഇസ്‌ലാമിക ധനകാര്യസ്ഥാപനം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.ട്രഷറികളെ എ.ടി.എമ്മുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള

കേരളത്തിന്റെ ആവശ്യവും പരിശോധിക്കും. ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇത്തരമൊരു സംവിധാനം മറ്റൊരു സംസ്ഥാനത്തും നിലവിലില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍വിശദമായ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ പകര്‍പ്പുണ്ടാക്കാനാവാത്ത നോട്ടുണ്ടാക്കുക എന്നത് അസാധ്യമാണ്. കള്ളനോട്ട് തടയാനുള്ള ശ്രമങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ആക്കംകൂട്ടുന്നുണ്ട്. ബാങ്കില്‍ കള്ളനോട്ടുകള്‍ കണ്ടെത്തുന്നതിന്റെ വിവരങ്ങള്‍ എല്ലാ മാസവും അതത് മാനേജര്‍മാര്‍ പോലീസ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ഇത് എത്രയും വേഗം നടപ്പിലാക്കാന്‍ ഡി.ജി.പി. ജേക്കബ്ബ് പുന്നൂസിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ശരിഅത്ത് തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പലിശരഹിത പണമിടപാടാണ് ഇസ്‌ലാമിക് ബാങ്കിങ്. നമ്മുടെ രാജ്യത്ത് പലിശവ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള ബാങ്കിങ് സംവിധാനമാണുള്ളത്. ഇസ്‌ലാമിക് ബാങ്കിങ് ആരംഭിക്കണമെങ്കില്‍ അതിന് പ്രത്യേക നിയമനിര്‍മ്മാണം വേണ്ടിവരും.

ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മാത്രമായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ യോഗം ചേരാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. ബാങ്കിങ് നടപടികള്‍ സ്‌കൂളുകളില്‍ പാഠ്യവിഷയമാക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായി ഡി. സുബ്ബറാവു പറഞ്ഞു. ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ശ്യാമള ഗോപിനാഥ്, ഡോ. കെ.സി.ചക്രവര്‍ത്തി, ഡോ. സുബിര്‍ഗോകര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
രാവിലെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ സന്ദര്‍ശിച്ചു. കേരളത്തിന്റെ ധനകാര്യസ്ഥിതി, വൈദ്യനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍, സഹകരണമേഖലയിലെ പുനര്‍വായ്പ തുടങ്ങിയ പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ചചെയ്തു. മന്ത്രിമാരായ ഡോ. തോമസ്‌ഐസക്ക്, എളമരം കരീം, സംസ്ഥാനത്തെ ബാങ്കിങ് മേധാവികള്‍, ബാങ്കേഴ്‌സ് ക്ലബ്ബ് ഭാരവാഹികള്‍ എന്നിവരുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി.

No comments:

Post a Comment